About Radio angelos

ആധുനിക കാലഘട്ടത്തിൽ അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലകളെ ആത്മീയജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാനും, ക്രൈസതവ സത്യങ്ങളെയും സഭാപഠനങ്ങളെയും, ജീവിതമൂല്യങ്ങളെയും കുറിച്ച് വിശ്വാസികളിൽ പരിജ്ഞാനവും, ആഭിമുഖ്യവും വളർത്തുവാനുമായി സഭക്ക് വിവിധ മാർഗങ്ങളുണ്ട്. പത്രം, ടെലിവിഷൻ, എന്നിങ്ങനെ മേഖലകളിൽ സഭ വ്യത്യസ്തമായ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ജനങ്ങളിൽ ഏറെ സ്വാധീനം ചെലുത്താനാവുന്ന റേഡിയോ എന്ന മാധ്യമത്തെ, അതും ശ്രോതാവിനു ആവശ്യാനുസരണം, ഏതു സമയത്തും ശ്രവിക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിൽ വൈവിധ്യമേറിയ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ റേഡിയോ ആഞ്ചലോസ് മുന്നോട്ടു പോകുന്നു .
2015 ൽ പ്രവർത്തനം ആരംഭിച്ച റേഡിയോ ആഞ്ചലോസ് അഞ്ചു വര്ഷം പൂർത്തീകരിച്ചിരിക്കുന്നു കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ഇഷ്ടപെടുന്ന വ്യത്യസ്ത പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഒരു റേഡിയോ ചാനൽ ആയി മാറിയിരിക്കുന്നു.

ശ്രോതാക്കളെ ഇരുത്തി ചിന്തിപ്പിക്കുകയും , അതെ സമയം ക്രൈസതവ വിശ്വാസത്തിൽ കൂടുതൽ പരിജ്ഞാനം നൽകുന്നതുമായ പ്രോഗ്രാമുകൾ റേഡിയോ ആഞ്ചലോസ് പ്രക്ഷേപണം ചെയ്യുന്നു
നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന ദൈവ വചനത്തിന്റെ കാതൽ ഉൾക്കൊണ്ട് , ഈ ശ്രവ്യമാധ്യമത്തിലൂടെ ലോകമെങ്ങും ഉള്ള ജനങ്ങൾക്ക് കർത്താവിന്റെ സ്നേഹം എത്തിച്ചു കൊടുക്കുകയാണ് റേഡിയോ ആഞ്ചലോസ് ചെയ്യുന്നത്. ഇന്റർനെറ്റ് സൗകര്യം എത്തിച്ചേർന്നിട്ടുള്ള ലോകത്തിന്റെ ഏതു ഭാഗത്തുമിരുന്നു ദൈവവചനം ശ്രവിക്കാൻ ഈ മാധ്യമത്തിലൂടെ സാധ്യമായിരിക്കുന്നു.
മാത്രവുമല്ല, റേഡിയോ ആഞ്ചലോസിലൂടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നു കൊണ്ട്, അതിലും മേലെ വിദേശങ്ങളിൽ ഇരുന്നു കൊണ്ട് പോലും വളരെ ആത്മാർത്ഥതയോടെ ക്രിസ്തു അനുഗാമികളായ കലാകാരൻമാർ, സുവിശേഷം ജനങ്ങളിൽ എത്തിക്കാനായി റേഡിയോ പ്രോഗ്രാമുകൾ ഉണ്ടാക്കുകയും റേഡിയോ ആഞ്ചലോസിന്‌ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.
അഞ്ചു വർഷങ്ങൾക്കു മുൻപ് ഇങ്ങിനെ ഒരു സാധ്യതയെ കുറിച്ച് പ്രാർത്ഥനാവേളയിൽ ധന്യക്ക് ലഭിച്ച ഒരു ഉൾവിളിയാണ് ഇന്ന് സഭയുടെ പ്രവർത്തനങ്ങളുടെ തണലിൽ നിന്ന് കൊണ്ട് തന്നെ ഇങ്ങനെ ഒരു പ്രവർത്തനത്തിന് ഹേതുവായതു. റേഡിയോ ആഞ്ചെലോസിന്റെ , ഡയറക്ടർ ഫാ.ഫ്രാൻസിസ് ആളൂർ ആണ്. ഫാ. ആന്റണി മണ്ണുംമ്മൽ സ്പിരിച്യുൽ ഗൈഡൻസ് നൽകുന്നു . റേഡിയോ ആഞ്ചലോസിന്റെ പ്രോഗ്രാമുകൾ നിയന്ത്രിക്കുന്നതു ഫിബിൻ പോൾ ആണ് . പരിപാടികളുടെ സ്രഷ്ടാക്കളുടെയും , ശ്രോതാക്കളുടെയും ഇടയിലെ പാലമായി അദ്ദേഹം വർത്തിക്കുന്നു. കൂടാതെ ഒട്ടേറെ യുവജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്നു റേഡിയോ ആഞ്ചലോസുമായി ചേർന്ന് പ്രവർത്തിക്കുന്നു .
എല്ലാ പ്രതിസന്ധികൾക്കിടയിലും ദൈവത്തിൽ വിശ്വസിച്ചു, ശ്രോതാക്കളുടെ പ്രോൽസാഹനത്തോടെ, റേഡിയോ ആഞ്ചലോസും പ്രവർത്തകരും മുന്നോട്ടു പോവുകയാണ്. ഇനിയും ഏറെ ദൂരം പോകാനുണ്ട് എന്ന തിരിച്ചറിവോടെ.